‘2016ൽ കുമ്മനത്തിനെതിരെ മത്സരിച്ചപ്പോൾ ജമാഅത്ത് ഇസ്ലാമി എന്നെ പിന്തുണച്ചു’; വെളിപ്പെടുത്തലുമായി കെ മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസിനും തനിക്കും ജമാഅത്തെ ഇസ്ലാമി പിന്തുണ ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെതിരെ മത്സരിക്കുന്ന വേളയിലാണ് തനിക്ക് ജമാഅത്തെ പിന്തുണ ലഭിച്ചതെന്നും മുരളീധരൻ തുറന്നടിച്ചു.

2019 മുതൽ അവരുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. ബിജെപിക്ക് ബദൽ കോൺഗ്രസെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയാടിസ്ഥാനത്തിൽ സ്വീകരിച്ച നയത്തിന്റെ തുടർച്ചയാണ് പിന്തുണയെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിനും കിട്ടിയിട്ടുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.ഈ നയത്തിന്റെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസ് മുന്നണിയിലുള്ള സിപിഎമ്മിന് തമിഴ്‌നാട്ടില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയതെന്നും മുരളീധരൻ പറഞ്ഞു. സാമുദായിക നേതാക്കളെ വിമര്‍ശിക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും സമുദായ നേതാക്കള്‍ വിളിക്കുമ്പോള്‍ എല്ലാവരും പോകാറുണ്ടെന്നും മുരളീധരൻ പറഞ്ഞു.

രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ച എൻഎസ്എസ് ക്ഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിലായിരുന്നു മുരളീധരന്റെ ഈ പ്രതികരണം. വിഷയം ഇപ്പോൾ ചർച്ചയാക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സ്ഥാനവുമായി അതിനെ കൂട്ടികുഴക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. വെള്ളാപ്പള്ളിയുടെ വിമർശനം വ്യക്തിപരമാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടയിലാണ് ജമാഅത്തെ ഇസ്ലാമി പിന്തുണ ശരിവച്ചുകൊണ്ട് മുതിർന്ന നേതാവായ കെ മുരളീധരൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ കോൺഗ്രസും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഒരുപോലെ പ്രതിരോധത്തിലാവുമെന്ന് ഉറപ്പാണ്. വിഷയം ബിജെപി ഏറ്റെടുക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು