സീറ്റുകൾ കൂട്ടി, ടിക്കറ്റ് നിരക്ക് കുറച്ചു; നവകേരള ബസ് വീണ്ടുമെത്തി; ബെംഗളൂരു റൂട്ടിൽ സർവീസ് പുനഃരാരംഭിക്കും

കോഴിക്കോട്: രൂപമാറ്റം വരുത്തിയ നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്താനായി നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് വീണ്ടും കോഴിക്കോട് എത്തിച്ചു. ബെംഗളൂരുവിൽ നിന്നാണ് പണികൾ പൂർത്തിയാക്കി ബസ് കൊണ്ടുവന്നത്. നേരത്ത സർവീസ് നടത്തിയപ്പോൾ ഉണ്ടായതിനേക്കാൾ അധികം സീറ്റുകൾ ബസിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.വീണ്ടും സർവീസിനൊരുങ്ങുന്ന ബസിൽ 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചത്. ആകെ 37 സീറ്റുകളാണുള്ളത്. എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. മുൻഭാഗത്ത് മാത്രമാണ് നിലവിൽ ഡോർ ഉള്ളത്. അതേസമയം ബസിൽ ശൗചാലയം നിലനിർത്തിയിട്ടുണ്ട്.

ബെംഗളൂരു – കോഴിക്കോട് സർവീസിന്‍റെ ടിക്കറ്റ് നിരക്കും കുറച്ചു. നേരത്തെ 1280 രൂപ ആയിരുന്നു ബസ് ടിക്കറ്റ് നിരക്ക്. ഇനി 930 രൂപയായിരിക്കും ഈടാക്കുക. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെയ് 5 മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ 1240 രൂപ നിരക്കില്‍ നവകേരള ബസ് സര്‍വീസ് തുടങ്ങിയത്. പുലര്‍ച്ചെ 4 മണിക്ക് ബെംഗളുരുവിലേക്കും ഉച്ചയ്ക്ക് 2:30 തിന് തിരിച്ചുമായിരുന്നു സർവീസ്. വീണ്ടും രൂപമാറ്റം വരുത്തിയാണ് ബസ് നിരത്തിലിറക്കുന്നത്. സമയമാറ്റം എങ്ങനെയെന്ന് കെഎസ്ആർടിസി അറിയിക്കും.

കേരള രാഷ്ട്രീയത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ബസായിരുന്നു നവകേരള ബസ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കായി ബസ് കൊണ്ടുവന്നപ്പോൾ. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവൻ, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ഇതിൽ ഉണ്ടെന്നായിരുന്നു പ്രചാരണം. പ്രതിപക്ഷവും ആഡംബര ബസെന്ന വാദം ഏറ്റുപിടിച്ചു. പിന്നീട് ബസ് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചപ്പോഴും സമാനമായ വിവാദങ്ങൾ ഉണ്ടായിരുന്നു. ബസിൽ ആളില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ ഇതിനെ തള്ളി കെ എസ് ആർ ടി സി തന്നെ രംഗത്തുവന്നു.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು