ശബരിമലയിൽ തയാറെടുപ്പുകൾ ഫലം കണ്ടു, മന്ത്രിയെ അഭിനന്ദിച്ച് തന്ത്രി; പരാതികളില്ലാതെ മണ്ഡലകാല തീർഥാടനം പൂർത്തിയായി

സന്നിധാനം: ശബരിമല മണ്ഡലകാല തീർഥാടനം പരാതികളില്ലാതെ പൂർത്തിയായതിന് പിന്നാലെ മുന്നൊരുക്കങ്ങൾക്ക് നേതൃത്വം നൽകിയ ദേവസ്വം മന്ത്രി വിഎൻ വാസവനെ തന്ത്രി കണ്ഠര് രാജീവരും മകൻ കണ്ഠര് ബ്രഹ്മദത്തനും അഭിനന്ദിച്ചു. നാൽപത്തിയൊന്നു ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാലതീർഥാടനം ഇന്നലൊയണ് പൂർത്തിയയാത്. ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും.

ഇത്തവണ കാലേകൂട്ടി നടത്തിയ തയാറെടുപ്പുകൾ എല്ലാ അർഥത്തിലും ഫലം കണ്ടതായി മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ഒരുലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ല. 41 ദിവസം പൂർത്തിയാകുമ്പോൾ വന്ന എല്ലാ അയ്യപ്പഭക്തന്മാർക്കും ദർശനം ഉറപ്പാക്കി. അവർ സംതൃപ്തിയോടെ മടങ്ങുന്ന കാഴ്ചയാണു കണ്ടത്. അത്തരത്തിലായിരുന്നു ആസൂത്രണത്തിലെ മികവെന്നും മന്ത്രി പറഞ്ഞു.

പതിനെട്ടാം പടിയിൽ ഒരുമിനിട്ടിൽ 85 – 90 പേർ കയറുന്ന സാഹചര്യം സൃഷ്ടിക്കാനായത് ദർശനം സുഗമാക്കാൻ തുണച്ചു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സന്നദ്ധസംഘടകളെക്കൂടി ഉൾപ്പെടുത്തി കാലേകൂട്ടി ചർച്ചകൾ നടത്തിയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് അഞ്ചുലക്ഷത്തോളം ഭക്തരാണ് ഈ 41 ദിവസത്തെ കാലയളവിൽ കൂടുതലായി എത്തിയത്.

വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്നാണ് താൽക്കാലികമായി ലഭ്യമായ കണക്ക്. ദർശനം കിട്ടാതെ വന്നതായി ആരും പരാതിപ്പെട്ടിട്ടില്ല. സുഗമമായ ദർശനം ഉറപ്പാക്കാനായി എന്നു വന്നവർ തന്നെ പറയുന്നു. മലകയറിവന്ന എല്ലാവർക്കും സൗജന്യഭക്ഷണം ഉറപ്പാക്കാനായി. അപ്പവും അരവണയും എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കി.മകരവിളക്ക് ഒരുക്കങ്ങൾ സംബന്ധിച്ചു അടുത്ത ദിവസം നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. ശനിയാഴ്ച നടക്കുന്ന യോഗത്തിൽ മകരവിളക്കുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ഇക്കഴിഞ്ഞ 41 ദിവസങ്ങളിൽ ശബരിമലയിലും ഇടത്താവളങ്ങിലും എല്ലാ തീർഥാടകർക്കും സുഗമവും സുരക്ഷിതവുമായ ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാനായി എന്നത് സംതൃപ്തി നൽകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല മണ്ഡലകാല തീർഥാടനം സുഗമവും സുരക്ഷിതവുമാക്കിയതിന് തന്ത്രി കണ്ഠര് രാജീവരുടെയും താന്ത്രികചുമതല വഹിക്കുന്ന മകൻ കണ്ഠര് ബ്രഹ്‌മദത്തന്‍റെയും സ്നേഹാദരവ് ഏറ്റുവാങ്ങിയെന്നും മന്ത്രി പറഞ്ഞു. തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി, പരാതികളും പരിഭവങ്ങളുമില്ലാത്ത ഒരു മണ്ഡലകാലമാണ് കഴിയുന്നതെന്നും സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതായും അവർ പറഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു.

VS NEWS DESK
Author: VS NEWS DESK

pradeep blr

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು