ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തങ്ങൾക്കാണ് വരുന്ന നാളുകൾ സാക്ഷ്യം വഹിക്കുക. അതിന്റെ ഭാഗമായുള്ള ഏറ്റവും വലിയ പദ്ധതികളിലൊന്ന് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ബംഗളുരുവിനെ സമീപ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന 287 കിലോമീറ്റർ സർക്കുലർ റെയിൽവേ ഇടനാഴിയുടെ ഭാഗമായി നഗരത്തിലെ ദേവനഹള്ളിയിൽ പുതിയ ടെർമിനൽ നിർമ്മിക്കുമെന്ന് നേരത്തെ അറിയിച്ചതാണ്.
ഏകദേശം 1000 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന ഈ അത്യാധുനിക സ്‌റ്റേഷൻ നഗരത്തിന്റെ യാത്രാ ദുരിതം കുറയ്ക്കുകയും വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഖകരമാക്കുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. വെങ്കടഗിരി ഹാൾട്ട് സ്‌റ്റേഷനു സമീപം 1000 ഏക്കറിലാണ് ഈ സ്‌റ്റേഷൻ പണി കഴിപ്പിക്കുക. സ്‌റ്റേഷനു സമീപമുള്ള ബുള്ളഹള്ളി, കെജി ഗുരുരായണ ഹൊസൂരു ഗ്രാമങ്ങളിൽ നിന്നാണ് ആവശ്യമായ ഭൂമി ഏറ്റെടുക്കുക.പദ്ധതിയുടെ സാധ്യതാ പഠനം തകൃതിയായി പുരോഗമിക്കുകയാണ്. സാറ്റ്‌ലൈറ്റ് ടൗൺ റിങ് റോഡിനോട് വെറും 7 കിലോമീറ്റർ മാത്രം അകലെയായിരിക്കും ഈ സ്‌റ്റേഷൻ ഒരുങ്ങുക. കൂടാതെ ബെംഗളൂരു വിമാനത്താവളത്തോട് 15 കിലോമീറ്റർ അടുത്തായിട്ടായിരിക്കും ഈ സ്‌റ്റേഷൻ ഉയർന്നുപൊങ്ങുക. ഇതോടെ നഗരത്തിലെ പല ഗതാഗത പ്രശ്‌നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാവും എന്നാണ് കരുതപ്പെടുന്നത്.
പ്രധാനമായും നിലവിൽ ബെംഗളൂരു നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ദുസ്സഹമായ യാത്ര മെച്ചപ്പെടുത്താൻ പദ്ധതി പൂർണമായും പൂർത്തിയായാൽ സാധിക്കുമെന്നാണ് പ്രതീക്ഷ. കാരണം നഗരത്തിലെ മജസ്‌റ്റിക് യശ്വന്ത്പുര സ്‌റ്റേഷനുകളിലെ ആൾത്തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കും. ഇതോടെ ദേവനഹള്ളി നഗരത്തിലെ ഏറ്റവും വലിയ റെയിൽവേ സ്‌റ്റേഷൻ ആയി മാറും.
നിലവിൽ തിരക്കേറിയ സ്‌റ്റേഷനായ മജസ്‌റ്റിക്കിൽ 107 ഏക്കറുകളിലായി 10 പ്ലാറ്റ്‌ഫോമുകൾ മാത്രമാണ് ആകെയുള്ളത്. ഈ സ്ഥാനത്താണ് ആയിരം ഏക്കറിൽ ദേവനഹള്ളിയിലെ സ്വപ്‌ന സ്‌റ്റേഷൻ ഒരുങ്ങുന്നത്. പുതിയ ടെർമിനൽ വരുന്നതോടെ വിമാനത്താവളത്തിലേക്കുള്ള യാത്രാ ദുരിതം ഒരു പരിധിവരെ കുറയാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിലെ സാഹചര്യത്തിൽ ബെംഗളൂരു നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ ഒരേടായിരിക്കും റെയിൽവേ സ്‌റ്റേഷൻ നവീകരണം. ദേവനഹള്ളിയിലെ പുതിയ സ്‌റ്റേഷൻ മാത്രമല്ല, യശ്വന്ത്പുര, കന്റോൺമെന്റ് സ്‌റ്റേഷനുകളുടെ നവീകരണം കൂടി കഴിയുമ്പോഴേക്കും കൂടുതൽ സൗകര്യങ്ങൾ മെച്ചപ്പെടും. ഇതിന്റെ ചുവടുപിടിച്ച് കൂടുതൽ ടെർമിനലുകൾ ബെംഗളൂരുവിൽ വരാനും സാധ്യതയുണ്ട്.
Author: VS NEWS DESK
pradeep blr