Arif Mohammed Khans Farewell: ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി; പുതിയ ഗവർണർ ജനുവരി രണ്ടിന് ചുമതലയേൽക്കും

Arif Mohammed Khan Farewell Ceremony: കേരളത്തിൻ്റെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതുവത്സര ദിനമായ ജനുവരി ഒന്നിന് കേരളത്തിലെത്തും. ജനുവരി രണ്ടിനാണ് അദ്ദേഹം ​ഗവർണറായി ചുമതലയേൽക്കുക. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായും ചുമതലയേൽക്കുന്നതാണ്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് കേരള ഗവർണർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാൻ അഞ്ച് വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സ്ഥലമാറ്റം.

Arif Mohammed Khans Farewell: ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി; പുതിയ ഗവർണർ ജനുവരി രണ്ടിന് ചുമതലയേൽക്കും

ആരിഫ് മുഹമ്മദ് ഖാൻ (Image Credits: PTI)

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് നൽകാനിരുന്ന യാത്രയയപ്പ് ചടങ്ങ് റദ്ദാക്കിയതായി അധികൃതർ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മരണത്തെ തുടർന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യാത്രയയപ്പ് ചടങ്ങ് മാറ്റിയത്. ഇന്ന് വൈകിട്ടാണ് രാജ്ഭവൻ ജീവനക്കാർ യാത്രയയപ്പ് ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നത്. ഡിസംബർ 29ന് ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ട്.

അതേസമയം കേരളത്തിൻ്റെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതുവത്സര ദിനമായ ജനുവരി ഒന്നിന് കേരളത്തിലെത്തും. ജനുവരി രണ്ടിനാണ് അദ്ദേഹം ​ഗവർണറായി ചുമതലയേൽക്കുക. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറായും ചുമതലയേൽക്കുന്നതാണ്.

2019 സെപ്റ്റംബർ ഒന്നിനാണ് ആരിഫ് മുഹമ്മദ് ഖാനെ അന്നത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരള ഗവർണറായി നിയമിച്ചത്. പി സദാശിവത്തിന്റെ പിൻഗാമിയായി 2019 സെപ്റ്റംബർ ആറിന് അദ്ദേഹം കേരള ഗവർണർ സ്ഥാനം ഏറ്റെടുത്തു. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് കേരള ഗവർണർ പദവിയിൽ അദ്ദേഹം അഞ്ച് വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സ്ഥലമാറ്റം.

ആരാണ്‌ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ?

ഗോവ സ്വദേശിയാണ് നിയുക്ത കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. കേരളത്തിന്റെ 23-ാമത് ഗവർണറായാണ് അദ്ദേഹം ജനുവരി രണ്ടിന് ചുമതലയേൽക്കുന്നത്. ബിഹാർ ഗവർണറാകുന്നതിന് മുമ്പ് അദ്ദേഹം ഹിമാചൽ പ്രദേശ് ഗവർണറായാണ് പ്രവർത്തിച്ചിരുന്നത്. ഹിമാചൽ പ്രദേശ് ഗവർണറാകുന്ന ആദ്യ ഗോവ സ്വദേശിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. ബിജെപി നേതാവായ ഇദ്ദേഹം ഗോവ സർക്കാരിൽ കാബിനറ്റ് മന്ത്രിയായും ഗോവ നിയമസഭയുടെ മുൻ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.

1989ലാണ് അർലേക്കർ ബിജെപിയിൽ അം​ഗമാകുന്നത്. പാർട്ടിയുടെ ഗോവയിലെ ജനറൽ സെക്രട്ടറി, ഗോവ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാൻ, ഗോവ എസ്‌സി ആൻ്റ് പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 2014ൽ മനോഹർ പരീക്കർ കേന്ദ്രമന്ത്രിയായപ്പോൾ, അർലേക്കറെ ഗോവയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പിന്നീട് ലക്ഷ്മികാന്ത് പർസേക്കറെ മുഖ്യമന്ത്രിയായി പാർട്ടി തിരഞ്ഞെടുക്കുകയായിരുന്നു.

മൻമോഹൻ സിങിന് വിടചൊല്ലാൻ രാജ്യം

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം ഇന്ന് ഡൽഹിയിലെ നിഗംബോധ് ഘാട്ടിൽ നടക്കും. രാവിലെ 11.45ഓടെ എല്ലാവിധ ഔദ്യോ​ഗിക ബഹുമതികളോടെയുമാകും സംസ്കാരമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 9.30ന് കോൺ​ഗ്രസ് ആസ്ഥാനത്ത് നിന്ന് അന്ത്യയാത്ര ആരംഭിക്കും. എല്ലാവിധ സൈനിക ബഹുമതികളോടെയാകും സംസ്കാര ചടങ്ങുകൾ നടത്തുന്നത്. മൻമോഹൻ സിങ്ങിൻ്റെ മൃതദേഹം രാവിലെ എട്ട് മണിക്ക് കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും.

മൻമോഹൻ സിങ്ങിൻ്റെ മരണത്തിനെ തുടർന്ന് ജനുവരി ഒന്നുവരെ ഏഴ് ദിവസത്തേക്കാണ് രാജ്യത്ത് ദേശീയ ദുഃഖാചരണം നടത്താൻ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാജ്യത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും സംസ്കാരം നടക്കുന്ന ശനിയാഴ്ച അർധ അവധിയായിരിക്കും.

VS NEWS DESK
Author: VS NEWS DESK

pradeep blr