ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. തന്റെ അച്ഛന്‍ മരണപ്പെട്ടപ്പോള്‍ ഒരു അനുശോചന യോഗം പോലും വിളിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്ന് ശര്‍മിഷ്ഠ മുഖര്‍ജി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് സ്മാരകം നിര്‍മ്മിക്കാന്‍ കേന്ദ്രത്തോട് കോണ്‍ഗ്രസ് സ്ഥലം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ശര്‍മിഷ്ഠയുടെ വിമര്‍ശനം.
എന്റെ ബാബ മരിച്ചപ്പോള്‍ പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ത്ത് ഒരു അനുശോചന യോഗം ചേരാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായില്ല. രാഷ്ട്രപതിമാര്‍ക്ക് വേണ്ടി അങ്ങനെ ചെയ്യുന്നത് പതിവില്ല എന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അന്ന് എന്നോട് പറഞ്ഞത്. അത് വെറും അസംബന്ധം മാത്രമാണെന്ന് മനസ്സിലായത് ബാബയുടെ ഡയറി വായിച്ചപ്പോഴാണ്. കെആര്‍ നാരായണന് മരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിട്ടുണ്ട്. അന്ന് അനുശോചന സന്ദേശം തയ്യാറാക്കിയത് ബാബ ആയിരുന്നു, ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ശര്‍മിഷ്ഠ പറയുന്നു.ബിജെപി നേതാവ് സിആര്‍ കേശവന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് കൊണ്ടാണ് ശര്‍മിഷ്ഠയുടെ കോണ്‍ഗ്രസ് വിമര്‍ശനം. ഗാന്ധി കുടുംബത്തില്‍ നിന്നുളളവരല്ല എന്ന കാരണം കൊണ്ട് മറ്റ് പ്രമുഖ നേതാക്കളെ കോണ്‍ഗ്രസ് കണ്ടില്ലെന്ന് നടിച്ചുവെന്നാണ് സിആര്‍ കേശവന്റെ വിമര്‍ശനം. 2004ല്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന് വേണ്ടി കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സ്മാരകം പണിതിട്ടില്ലെന്ന് ഖാര്‍ഗെയെ ആരെങ്കിലും ഒന്ന് ഓര്‍മ്മപ്പെടുത്തണം. യുപിഎ സര്‍ക്കാര്‍ 2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്നിട്ടും അത് ചെയ്തിട്ടില്ല. 2015ല്‍ നരേന്ദ്ര മോദിയാണ് റാവുവിന് സ്മാരകം പണിതതും അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്കിയതും എന്നും സിആര്‍ കേശവന്റെ ട്വീറ്റില്‍ പറയുന്നു.
നരസിംഹ റാവുവിന്റെ സംസ്‌ക്കാരം ഡല്‍ഹിയില്‍ നടത്താനായിരില്ല മറിച്ച് ഹൈദരാബാദില്‍ നടത്താനായിരുന്നു കോണ്‍ഗ്രസിന് താല്‍പര്യം. അക്കാര്യം അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചത് പ്രകാരം സംസ്‌കാരം ഹൈദരാബാദില്‍ വെച്ച്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ആസ്ഥാനത്ത് പോലും വെയ്ക്കാതെയാണ് അദ്ദേഹത്തിന്റെ മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ട് പോയത്. കോണ്‍ഗ്രസിന്റെ ചരിത്രപരമായ പാപങ്ങള്‍ രാജ്യം മറക്കുകയോ പൊറുക്കുകയോ ഇല്ല. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന ഡോ. സഞ്ജയ ബാരു എഴുതിയ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് സിആര്‍ കേശവന്‍ ചൂണ്ടിക്കാട്ടുന്നു.