ഇടുക്കി: പുല്ലുപാറയില്‍ കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസിന്റെ ബ്രേക്കിന് തകരാറില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. അപകടത്തിന് പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് മോട്ടോര്‍ വാഹനവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. അന്തിമ പരിശോധനയ്ക്കായി ബസ്സിന്റെ യന്ത്രഭാഗങ്ങള്‍ അഴിച്ച് പരിശോധന നടത്തുമെന്നും ഇതിനുശേഷം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു കഴിഞ്ഞദിവസം ഡ്രൈവര്‍ പ്രതികരിച്ചത്. എന്നാല്‍, പ്രാഥമിക പരിശോധനയില്‍ ബ്രേക്കിന് തകരാറില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. തെറ്റായ ഗിയറില്‍ ഇറക്കം ഇറങ്ങിയതോ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ, അതല്ലെങ്കില്‍ ഇത്തരം റോഡുകളിലെ പരിചയക്കുറവോ ആയിരിക്കാം അപകടത്തിന് കാരണമായതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ സംശയം. ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചെന്ന വാദം ശരിയല്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കൊട്ടാരക്കര-ദിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപമാണ് കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തീര്‍ഥയാത്രക്കാരുമായി പോയ ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാലുപേര്‍ മരിച്ചു. ആലപ്പുഴ മാവേലിക്കര പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കതില്‍ രമ മോഹന്‍ (62), തട്ടാരമ്പലം മറ്റം വടക്ക് കാര്‍ത്തിക വീട്ടില്‍ അരുണ്‍ ഹരി (37), മറ്റം തെക്ക് സോമസദനത്തില്‍ സംഗീത് സോമന്‍ (43), ബുദ്ധ ജങ്ഷന് സമീപം കൊറ്റാര്‍ക്കാവ് കൗസ്തുഭത്തില്‍ ബിന്ദു നാരായണന്‍ (54) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം.
മാവേലിക്കരയില്‍നിന്ന് തഞ്ചാവൂര്‍, മധുര എന്നിവിടങ്ങളില്‍ തീര്‍ഥയാത്ര നടത്തി തിരികെ വരുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍പ്പെട്ടത്. 34 യാത്രക്കാര്‍ അടക്കം 37 പേരാണ് ബസ്സിലുണ്ടായിരുന്നത്. എല്ലാവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡി. കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വളവില്‍ നിയന്ത്രണംവിട്ട ബസ്, ക്രാഷ് ബാരിയറില്‍ ഇടിച്ച് തെന്നി 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരങ്ങളില്‍ തങ്ങിനിന്നതിനാല്‍ കൂടുതല്‍ ആഴത്തിലേക്ക് വീണില്ല. ഈ ഭാഗത്ത് ആയിരം അടിയിലേറെ താഴ്ചയുണ്ട്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ആദ്യഘട്ടമായി അഞ്ചുലക്ഷം വീതം നല്‍കുമെന്നും ചികിത്സാച്ചെലവു വഹിക്കുമെന്നും മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Author: VS NEWS DESK
pradeep blr