പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അതിവേഗം പൂർത്തിയാക്കി സന്നിധാനവും പരിസര പ്രദേശങ്ങളും. മകരവിളക്കിന് കൂടുതല്‍ ഭക്തർ എത്തുന്നത് കണക്കിലെടുത്ത് സന്നിധാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഇന്നുമുതൽ 11 വരെ തത്സമയ ബുക്കിംഗ് 5000 മാത്രമായിരിക്കുമെന്നും വെർച്വൽ ക്യൂ വഴിയുള്ള പ്രവേശനം ജനുവരി 13ന് 50,000,14 ന് 40000 എന്നിങ്ങനെ പരിമിതപ്പെടുത്തുമെന്നു ശബരിമല എഡിഎം അരുൺ എസ് നായർ വ്യക്തമാക്കി. ചാലക്കൽ നിലയ്ക്കൽ എന്നിവിടങ്ങളിൽ അധിക പാർക്കിംഗ് സൗകര്യം ഒരുക്കും. അതോടൊപ്പം തന്നെ എരുമേലി കാനനപാതയിൽ 11 മുതൽ 14 വരെ അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങൾക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. തീർത്ഥാടകർ
സന്നിധാനത്തും പരിസരത്തും പാചകം ചെയ്യാന്‍ പാടില്ല. പാചക ഉപകരണങ്ങൾ പമ്പയിൽ വാങ്ങി വെക്കുകയും മടങ്ങിപോകുമ്പോള്‍ തിരികെ വാങ്ങുകയും ചെയ്യാം. പ്രായമായവരും കുട്ടികളും 14ന് സന്നിധാനത്തേക്ക് ഉള്ള വരവ് ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അഭ്യർത്ഥിച്ചു. 15ന് ശേഷം ഇവർക്കെല്ലാം സുഖദർശനം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്. സന്നിധാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ടാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. സന്നിധാനം മേഖലയെ എട്ട് സോണുകളായി തിരിച്ചാണ് ലേഔട്ട് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം ക്രൗഡ് മാനേജ്മെന്റിനെ പിന്തുണയ്ക്കുന്നതിനായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്ക് ഉതകുന്ന വിവിധ സങ്കേതങ്ങളുടെയും വിശ്രമ സ്ഥലങ്ങളുടെയും ആവശ്യകതയിലൂന്നിയാണ് ട്രക്ക്റൂട്ട് ലേഔട്ട് പ്ലാന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം ഒരു എമര്‍ജന്‍സി വാഹന പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക പുനസ്ഥാപനത്തെ പിന്തുണയ്ക്കുന്നതിനായി ട്രക്ക്റൂട്ടിന്റെ ഇരുവശത്തും ബഫര്‍സോണും പ്ലാന്‍ പ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പമ്പയുടെ വികസനത്തിനായി ആദ്യഘട്ടത്തിന് 184.75 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 22.73 കോടി രൂപയും ഉള്‍പ്പെടെ ആകെ 207.48 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. ട്രക്ക്റൂട്ടിന്റെ വികസനത്തിനായി ആദ്യ ഘട്ടത്തിന് 32.88 കോടി രൂപയും രണ്ടാം ഘട്ടത്തിന് 15.50 കോടിരൂപയും ഉള്‍പ്പെടെ ആകെ 47.97 കോടി രൂപയാണ് ചിലവ് കണക്കാക്കുന്നത്. പമ്പയുടെയും ട്രക്ക്റൂട്ടിന്റെയും വികസനത്തിനായി ലേഔട്ട് പ്രകാരം ആകെ ചിലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്.
Author: VS NEWS DESK
pradeep blr