Yuvraj Singh: കണ്ടടോ ഞങ്ങളുടെ പഴയ യുവിയെ ! മാസ്‌റ്റേഴ്‌സ് ലീഗില്‍ കണ്ടത് ‘ദേജാവൂ’; മനം നിറച്ച് യുവരാജും സച്ചിനും

കാലത്തെ പിറകോട്ട് സഞ്ചരിപ്പിക്കാനും, നൊസ്റ്റാള്‍ജിയയെ തിരികെയെത്തിക്കാനുമുള്ള മാന്ത്രികത മാസ്റ്റേഴ്‌സ് ലീഗിനുണ്ടായിരുന്നുവെന്ന് മത്സരങ്ങള്‍ കണ്ട ആരാധകരുടെ സാക്ഷ്യം. അതുല്യമായ സ്‌കില്ലുകള്‍ക്ക് ഇപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കറും, സിക്‌സ് ഹിറ്റിങിനുള്ള കരുത്ത് പഴയതുപോലെ നിലനില്‍ക്കുന്നുവെന്ന് യുവരാജ് സിങും തെളിയിച്ച നിമിഷങ്ങള്‍.

ന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ലീഗ് ക്രിക്കറ്റ് ആരാധകര്‍ക്ക് വെറുമൊരു ടൂര്‍ണമെന്റ് മാത്രമായിരുന്നില്ല. കാലത്തെ പിറകോട്ട് സഞ്ചരിപ്പിക്കാനും, നൊസ്റ്റാള്‍ജിയയെ തിരികെയെത്തിക്കാനുമുള്ള മാന്ത്രികത മാസ്റ്റേഴ്‌സ് ലീഗിനുണ്ടായിരുന്നുവെന്ന് മത്സരങ്ങള്‍ കണ്ട ആരാധകരുടെ സാക്ഷ്യം. അതുല്യമായ സ്‌കില്ലുകള്‍ക്ക് ഇപ്പോഴും കൈമോശം വന്നിട്ടില്ലെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും, സിക്‌സ് ഹിറ്റിങിനുള്ള കരുത്ത് പഴയതുപോലെ നിലനില്‍ക്കുന്നുവെന്ന് യുവരാജ് സിങും ഒരിക്കല്‍ കൂടി തെളിയിച്ച നിമിഷം. ഒപ്പം ഇര്‍ഫാന്‍ പത്താനും, യൂസഫ് പത്താനുമടക്കമുള്ളവരും ആരാധകരുടെ മനംനിറച്ചു.

ഇന്ത്യ മാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായത് യുവരാജിന്റെയും സച്ചിന്റെയും പ്രകടനമാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 166 റണ്‍സ് നേടിയ യുവരാജാണ് ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമത്. 159 റണ്‍സെടുത്ത സച്ചിന്‍ തൊട്ടുപിന്നാലെയുണ്ട്. കവറിന് മുകളിലൂടെയുള്ള യുവരാജിന്റെ സിക്‌സ് ഹിറ്റിങും, സച്ചിന്റെ ഒഴുക്കോടെയുള്ള കവര്‍ ഡ്രൈവും കണ്ടാല്‍ വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിച്ചതുപോലെ തോന്നും. ഒരുതരം ‘ദേജാവൂ’ ഫീലിംഗ്.

വീഡിയോ കാണാം

 

മാര്‍ച്ച് അഞ്ചിന് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനോട് 95 റണ്‍സിന് തോറ്റ ഇന്ത്യ, അതേ ടീമിനെ 94 റണ്‍സിന് തകര്‍ത്ത് മധുരപ്രതികാരം വീട്ടിയാണ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യന്‍ മാസ്റ്റേഴ്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 220 റണ്‍സ് നേടി. 30 പന്തില്‍ 59 റണ്‍സെടുത്ത യുവരാജാണ് ടോപ് സ്‌കോറര്‍. ഏഴ് സിക്‌സറുകളാണ് താരം പായിച്ചത്.

2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെ സിക്‌സര്‍ പറത്തിയത് ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു യുവിയുടെ ബാറ്റിംഗ്. ഓസീസ് സ്പിന്നര്‍മാരായ ബ്രൈസ് മക്‌ഗെയ്ന്‍, സ്റ്റീവ് ഒക്കീഫി, സേവിയര്‍ ഡൊഹര്‍ട്ടി എന്നിവരെ തിരഞ്ഞുപിടിച്ചായിരുന്നു കടന്നാക്രമണം. ഒടുവില്‍ ഡോഹര്‍ട്ടിയുടെ പന്തില്‍ ഷോണ്‍ മാര്‍ഷ് ക്യാച്ചെടുത്ത് യുവരാജ് പുറത്തായി. ക്യാപ്റ്റന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍-30 പന്തില്‍ 42, സ്റ്റുവര്‍ട്ട് ബിന്നി-21 പന്തില്‍ 36, യൂസഫ് പത്താന്‍-10 പന്തില്‍ 23, ഇര്‍ഫാന്‍ പത്താന്‍ -7 പന്തില്‍ 19 നോട്ടൗട്ട് എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിന്റെ പ്രകടനം 18.1 ഓവറില്‍ 126 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റെടുത്ത ഷഹബാസ് നദീമും, രണ്ട് വിക്കറ്റ് വീതമെടുത്ത വിനയ് കുമാറും, ഇര്‍ഫാന്‍ പത്താനും, ഓരോ വിക്കറ്റ് വീതമെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയും, പവന്‍ നേഗിയുമാണ് ഓസീസ് ബാറ്റിംഗിന്റെ ചിറകരിഞ്ഞത്.