: രാവിലെ ആംബുലൻസിലെ ജീവനക്കാർ പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകൾ കൊണ്ടു വെച്ചിരുന്നു. ഈ സാമ്പിളുകളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായത് വൻ സുരക്ഷാ വീഴ്ച. ആശുപത്രിയിൽ നിന്ന് രോഗനിർണയത്തിനായി അയച്ച ശരീരഭാഗങ്ങൾ മോഷണം പോയി. ആക്രി വില്പനക്കാരനാണ് ശരീരഭാഗങ്ങൾ മോഷ്ടിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാത്തോളജി ഡിപ്പാർട്മെന്റിലേക്ക് വെള്ളിയാഴ്ച ശസ്ത്രക്രീയയ്ക്ക് ശേഷം പരിശോധനയ്ക്കയച്ച ശരീരഭാഗങ്ങളാണ് മോഷണം പോയത് 17 രോഗികളുടെ സ്പെസിമെനാണ് മോഷ്ടിക്കപ്പെട്ട ബോക്സിൽ ഉണ്ടായിരുന്നത്.
രാവിലെ ആംബുലൻസിലെ ജീവനക്കാർ പത്തോളജി ലാബിന് സമീപം സാമ്പിളുകൾ കൊണ്ടു വെച്ചിരുന്നു. ഈ സാമ്പിളുകളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആക്രി വില്പനക്കാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം രോഗ നിർണയത്തിന് വേണ്ടി അയച്ച സ്പെസിമെനുകളാണ് മോഷ്ടിച്ചത്.
ആംബുലൻസിൽ കൊണ്ടുവന്ന സ്പെസിമെനുകൾ പത്തോളജി ലാബിന് സമീപമുള്ള സ്റ്റെയർകെയ്സിന് സമീപമാണ് വെച്ചിരുന്നത്. സ്പെസിമെനുകൾ എത്തിച്ച ശേഷം ആംബുലൻസ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റൻഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഈ സമയത്താണ് സ്പെസിമെനുകൾ മോഷണം പോയത്. ഈ സ്പെസിമെനുകൾ ലാബിലെത്തിച്ചു നടത്തുന്ന പരിശോധനകളിലൂടെയാണ് ശാസ്ത്രകീയ നടത്തിയവരുടെ തുടർ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്.
അതേസമയം, ആക്രിയാണെന്ന് കരുതിയാണ് ബോക്സ് എടുത്തതെന്ന് ആക്രിക്കാരൻ പൊലീസിന് മൊഴി നൽകി. ബോക്സിൽ ശരീരഭാഗങ്ങൾ ആണെന്ന് മനസിലായതോടെ പ്രിൻസിപ്പൽ ഓഫീസിന് സമീപം ഉപേക്ഷിച്ചുവെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. പരിശോധനയ്ക്ക് അയച്ച സ്പെസിമെനുകൾ കൈകാര്യം ചെയ്യുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.