അന്ന് സ്വര്‍ണത്തിന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു!! ഇത്തവണ? മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്റെ ബജറ്റ് പ്രതീക്ഷ

കോഴിക്കോട്: ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം. ധനമന്ത്രി നിര്‍മല സീതാരാമന്‍ ആയിരിക്കും ബജറ്റ് അവതരിപ്പിക്കുക. നികുതി വ്യവസ്ഥയില്‍ മാറ്റം വരുത്തുമോ എന്നാണ് വ്യക്തികളും വ്യാപാരികളുമെല്ലാം ഉറ്റുനോക്കുന്നത്. ആദായ നികുതിയില്‍ എന്തുമാറ്റമാണ് വരിക എന്ന് വ്യക്തികള്‍ നോക്കുമ്പോള്‍ ഇറക്കുമതി നികുതിയിലെ മാറ്റം അറിയാനാണ് വ്യാപാരികള്‍ കാത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി നികുതി കുറച്ചിരുന്നു. 15ല്‍ നിന്ന് ആറ് ശതമാനമാക്കിയാണ് കുറച്ചത്. ഇതിന്റെ പ്രതിഫലനം കേരളത്തില്‍ ആ ദിവസം തന്നെ പ്രകടമായി. ഒറ്റയടിക്ക് 2000 രൂപയുടെ കുറവാണ് പവന്‍മേല്‍ ഉണ്ടായത്. ഇത്തവണ നികുതി കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് ചെയര്‍മാന്‍ എംപി അഹമ്മദ് ബജറ്റ് പ്രതീക്ഷ വണ്‍ഇന്ത്യ മലയാളവുമായി പങ്കുവച്ചു…
സര്‍ക്കാര്‍ നികുതി വര്‍ധിപ്പിക്കുന്തോറും നികുതി വെട്ടിപ്പ് കൂടും. നികുതി വെട്ടിപ്പ് ഒഴിവാക്കാന്‍ വേണ്ടിയാണ് ലോകത്തെ എല്ലാ സര്‍ക്കാരുകളും നോക്കുന്നത്. നികുതി മിനിമൈസ് ചെയ്യുക, മോണിറ്റര്‍ ചെയ്യുക എന്നതാണ് വേണ്ടത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണ്. സര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും അനുസരിക്കുമെന്നും എംപി അഹമ്മദ് പറഞ്ഞു.
സ്വര്‍ണക്കടത്ത് തടയേണ്ടതാണ്. ആഫ്രിക്കയില്‍ നിയമവിരുദ്ധമായ രീതിയില്‍ സ്വര്‍ണ ഖനനം നടക്കുന്നുണ്ട്. ഖനന മേഖലയില്‍ ബാലവേലകളുണ്ട്. നിയമവിധേയമായി വരുന്ന ലോഹങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പവിത്രമായ ആഘോഷ വേളകളില്‍ ഉപയോഗിക്കുന്നതാണ് സ്വര്‍ണം. അതുകൊണ്ടുതന്നെ അവ വരുന്ന വഴിയും പവിത്രമാകണമെന്നും എംപി അഹമ്മദ് അഭിപ്രായപ്പെട്ടു.
അതേസമയം, ഇത്തവണ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതി നികുതി കുറച്ചത് കാരണം ഇറക്കുമതി വര്‍ധിച്ചുവെന്നും അത് രാജ്യത്തിന്റെ വ്യാപാര കമ്മി കൂട്ടിയെന്നുമാണ് കരുതുന്നത്. അതുകൊണ്ടുതന്നെ വരുന്ന ബജറ്റില്‍ നികുതി ഉയര്‍ത്തിയേക്കുമെന്ന് അഭിപ്രായപ്പെടുന്ന നിരീക്ഷകരുണ്ട്.

സ്വര്‍ണം കൊണ്ടുപോകുന്നതിന് ഇ-വേ ബില്ല്

ഇ-വേ ബില്ല് നടപ്പാക്കുന്നത് സംബന്ധിച്ചും മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ പ്രതികരിച്ചു. നേരത്തെ കേരളത്തില്‍ ജിഎസ്ടി വകുപ്പ് ഇ-വേ ബില്ല് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിന്‍മാറി. കഴിഞ്ഞ ദിവസം ഇറങ്ങിയ പുതിയ ഉത്തരവില്‍ പറയുന്നത് ജനുവരി 20 മുതല്‍ കേരളത്തില്‍ ഇ-വേ ബില്ല് നടപ്പാക്കുമെന്നാണ്.

ഇ-വേ ബില്ല് നടപ്പാക്കുന്നതിന് സാങ്കേതിക വിദ്യ കുറച്ചുകൂടി മെച്ചപ്പെട്ടതാകേണ്ടതുണ്ടെന്ന് എംപി അഹമ്മദ് പറഞ്ഞു. ഇ-വേ ബില്ലിനെ മലബാര്‍ ഗോള്‍ഡ് സ്വാഗതം ചെയ്യുന്നു. അത് നല്ലതിനാണ്. നികുതി വെട്ടിപ്പ് ഒഴിവാക്കേണ്ടതാണ്. നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണം. സര്‍ക്കാരിന് വരുമാനം ഉണ്ടാകണമെങ്കില്‍ നികുതി വെട്ടിപ്പ് തടയേണ്ടതുണ്ടെന്നും അഹമ്മദ് പറഞ്ഞു.

കള്ളപ്പണവും സമാന്തര സമ്പദ് വ്യവസ്ഥയും രാജ്യത്തെ തകര്‍ക്കും. മലബാര്‍ ഗോള്‍ഡ് നേരത്തെ ഇ-വേ ബില്ല് സ്വാഗതം ചെയ്തിട്ടുണ്ട്. മലബാര്‍ ഗോള്‍ഡിന്റെ സ്വര്‍ണം കൊണ്ടുപോകുന്നത് കൊറിയര്‍ കമ്പനിയാണ്. എല്ലാം ഇന്‍ഷുര്‍ ചെയ്തിട്ടാണ് പോകുന്നത്. ഗ്രാമിന് 40 പൈസ എന്ന നിരക്കിലാണ് കേരളത്തില്‍ തങ്ങളുടെ സ്വര്‍ണം കൊറിയറായി എത്തിക്കുന്നത്. എല്ലാം ജിപിഎസ് വഴി നിരീക്ഷിക്കുന്നുണ്ടെന്നും എംപി അഹമ്മദ് വിശദീകരിച്ചു.

ಬಿಸಿ ಬಿಸಿ ಸುದ್ದಿ

ಕ್ರಿಕೆಟ್ ಲೈವ್ ಸ್ಕೋರ್

ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿ ಬೆಲೆಗಳು